പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനി ചൈൽഡ് ലൈനിൽ വിളിച്ച് നൽകിയ പീഡന പരാതി വ്യാജമാണെന്ന് പോലീസ്. വൈദ്യപരിശോധനാ ഫലത്തിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പരാതി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പോലീസ് 6 പേർക്കെതിരെ കേസ് എടുക്കുകയും സഹപാഠികൾ ഉൾപ്പെടെ 6 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പരിശോധനയിൽ പീഡനം നടന്നതായി തെളിവുകൾ ലഭിച്ചില്ല. ഇതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടി മൊഴിമാറ്റുകയും പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
തുടർന്ന് കസ്റ്റഡിയിലെടുത്ത 6 പേരെയും പോലീസ് വിട്ടയച്ചു.പെൺകുട്ടിയുടെ മൊഴിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ് സംശയിക്കുന്നു. പെൺകുട്ടിക്ക് കുടുംബത്തിൽ നിന്ന് ആവശ്യമായ സംരക്ഷണമില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.
കേസിൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മൊഴി വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിക്ക് ചൈൽഡ് ലൈൻ വഴി ആവശ്യമായ കൗൺസലിങ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കുറിപ്പ്: കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


