ഇന്ത്യന്‍ ശതകോടീശ്വരുടെ മുഴുവന്‍ സ്വത്തിന് ഒരു തവണ രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ പോഷകാഹാര കുറവ് നികത്താന്‍ ലക്ഷ്യമിട്ടുളള പദ്ധതിക്ക് വേണ്ട പണം ലഭിക്കുമെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട്. ഇതിന് പുറമെ, കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. 2020ല്‍ 102-ആയിരുന്നു രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം. എന്നാൽ 2022-ല്‍ ഇത് 166 ആയി ഉയര്‍ന്നു.“ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ സമ്പത്ത് 660 ബില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു. ഇത് 18 മാസത്തിലേറെ മുഴുവന്‍ കേന്ദ്ര ബജറ്റിനും ധനസഹായം നല്‍കാന്‍ കഴിയുന്ന തുകയാണ്,” ‘സര്‍വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്’ എന്ന പേരില്‍ ഓക്‌സ്ഫാം ഇന്റര്‍നാഷണൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിലാണ് ഓക്സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മറുവശത്ത്, ജനസംഖ്യയുടെ പകുതിയിൽ താഴെയുള്ള ആളുകള്‍ ഒരുമിച്ച് സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
| Group56 |


