സംസ്ഥാനത്ത് ആറു ജില്ലകളിൽ സൂര്യാഘാത സാധ്യത. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ അപകടരമായ ചൂട് ഉണ്ടാകുമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ പലഭാഗത്തും ചൂട് കൂടും. ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ വകുപ്പ് താപഭൂപടം പ്രസിദ്ധീകരിച്ചു.
അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു.
ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു.
കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കുന്ന താപസൂചിക ഭൂപടം.
| Group63 |

