Get to know Kottayam.: എൻ്റെ കോട്ടയത്തിന് 75 വയസ് .കോട്ടയത്തെ അടുത്തറിയാം.

0

 

ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം

കോട്ടയത്തിൻ്റെ അർത്ഥം കോട്ടയുടെ ഉൾവശം എന്നാണ് - കോട്ട + അകം. മുഞ്ഞനാട്, തെക്കുംകൂർ ഭരണാധികാരികളുടെ ആസ്ഥാനം ഇന്നത്തെ കോട്ടയം പട്ടണത്തിലെ താഴത്തങ്ങാടി ആയിരുന്നു. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിച്ച് കൊട്ടാരവും തളിയിൽ കോട്ടയും തകർത്തു. കൊട്ടാരങ്ങളുടെയും കോട്ടകളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാം.

തിരുവിതാംകൂറിന്റെ ആധിപത്യത്തിലായതോടെ തകർന്നടിഞ്ഞു കിടന്ന പഴയ കോട്ടയം നഗരത്തെ കിഴക്കോട്ടു മാറ്റി പുനസ്ഥാപിച്ച് ഒരു നഗരത്തിനു വേണ്ട പ്രാഥമികമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയ ദിവാൻ പേഷ്കാർ സർ.ടി.രാമറാവുവിനെയല്ലാതെ ആരെയും "ആധുനിക കോട്ടയത്തിന്റെ ശില്പി" യായി അവരോധിക്കുവാൻ ആരെങ്കിലും ശ്രമിച്ചാല്‍ ചരിത്രം അറിയുന്ന ഒരാളും അത് സമ്മതിച്ചുതരില്ല.

ക്രിസ്തുവർഷം 1749-ൽ കോട്ടയമുൾപ്പെടെയുള്ള പഴയ തെക്കുംകൂറിലെ പ്രദേശങ്ങൾ മാർത്താണ്ഡവർമ്മ പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർത്തു. കൂടാതെ പൂഞ്ഞാർ, വടക്കുംകൂർ തുടങ്ങിയ പഴയ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി ഈ പ്രദേശങ്ങളെല്ലാം ചേർത്ത് വടക്കൻ ഡിവിഷൻ രൂപീകരിച്ചു. അക്കാലത്ത് വടക്കൻ ഡിവിഷന്റെ ആസ്ഥാനം ചേർത്തലയായിരുന്നു . മലയോരമേഖലകളിലുള്ള ജനങ്ങൾക്ക് സർക്കാർ കച്ചേരികളിൽ എത്തണമെങ്കിൽ ദീർഘദൂരം സഞ്ചരിച്ച് വൈക്കത്തെത്തി ജലമാർഗ്ഗം ചേർത്തലയിലെത്തണമായിരുന്നു. 

ഈ പ്രായോഗിക ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കുവാന്‍ കോട്ടയം ആസ്ഥാനമാക്കി ഒരു ഡിവിഷൻ ആരംഭിക്കുവാനുള്ള നിര്‍ദ്ദേശം അദ്ദേഹം മേലാവിലേയ്ക്ക് അയയ്ക്കുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കുകയും ചെയ്തു. അങ്ങനെ AD 1878-ൽ പുതുതായി കോട്ടയം ഡിവിഷന്‍ രൂപീകരിക്കപ്പെടുകയും അതിന്‍റെ ദിവാന്‍ പേഷ്കാരായി രാമറാവു നിയമിതനാകുകയും ചെയ്തു.

കാടും മേടും കുന്നും കുഴിയും നിറഞ്ഞ തിരുനക്കരയും സമീപപ്രദേശങ്ങളും വെട്ടിത്തെളിച്ച് വികസനപ്രവർത്തനങ്ങൾ നടത്തിയാൽ ഭാവിയിൽ ഒരു നല്ല നഗരമായി രൂപപ്പെടുത്താൻ പറ്റുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. പഴയ നഗരത്തിന്റെ ആസ്ഥാനമായ തളിക്കോട്ടയും താഴത്തങ്ങാടിയുമൊക്കെ അക്കാലത്ത് എല്ലാ പ്രൗഡികളും അസ്തമിച്ച് ഊർദ്ധശ്വാസം വലിച്ചു കഴിഞ്ഞിരുന്നു.

രാമറാവു ദിവാൻ പേഷ്കാരായി കോട്ടയത്ത് ചാർജെടുത്ത ഉടൻതന്നെ ഹജൂർ കച്ചേരി ആഫീസും ഭരണനടത്തിപ്പിനുള്ള സംവിധാനങ്ങളും സ്ഥാപിച്ചു (ഇന്നത്തെ കച്ചേരിക്കടവ്). തെക്കുംകൂർ ഭരണകാലത്ത് AD 1415-ൽ ആരംഭിച്ച തളി യന്താനപുരം ചന്ത (ഇപ്പോൾ പഴയ ചന്ത) അക്കാലത്തും നാട്ടുചന്തയായി നില നിൽക്കുന്നുണ്ടായിരുന്നു. പുതിയ പട്ടണത്തിന്റെ ഭാഗമായി തിരുനക്കരയിൽ കച്ചേരിയുടെ സമീപത്തായി പുതിയ ഒരു ചന്ത ആരംഭിച്ചിട്ടും കച്ചവടക്കാർ പഴയ ചന്ത വിട്ടുപോരാൻ മടിച്ചു.


കിഴക്കൻ ദിക്കുകളിൽ നിന്ന് പച്ചക്കറികളും കായ്കനികളുമൊക്കെയായി പഴയ ചന്തയിലെത്തുന്ന ഇടക്കച്ചവടക്കാരെയും കർഷകരെയും പോലീസിനെ ഉപയോഗിച്ച് ബലമായി തിരുനക്കര ചന്തയിലേയ്ക്ക് വിടേണ്ടതായി വന്നിട്ടുണ്ട്. അങ്ങനെ പതിയെ പതിയെ നഗരകേന്ദ്രം തിരുനക്കരയായി വികസിച്ചു. ദീർഘവീക്ഷണത്തോടെ രാമറാവു പേഷ്കാർ നടപ്പിലാക്കിയ നിരവധി നഗരവികസന പദ്ധതികളാണ് ഇന്നും പരിഷ്കാരങ്ങളുടെ അകമ്പടിയോടെ കോട്ടയത്തിന്റെ അടിസ്ഥാന മുഖമുദ്രകളായി നിലകൊള്ളുന്നത്.

ദിവാൻ പേഷ്കാർ രാമറാവുവിന്റെ ചെറിയ ഒരു ജീവചരിത്രക്കുറിപ്പിനു ശേഷം അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളിലേയ്ക്ക് കടക്കാം.മറാഠയിലെ പേഷ്വ ആയിരുന്ന ബാജിറാവുവിന്‍റെ കുടുംബപരമ്പരയിൽ പെട്ട നിരവധി പ്രമുഖർ ദക്ഷിണേന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ് സർക്കാരിലും ഉന്നതമായ ഔദ്യോഗിക പദവികൾ അലങ്കരിച്ചിരുന്നു.മഹാരാജാ സ്വാതി തിരുനാൾ രാമവർമ്മയുടെ കാലത്ത് ഈ മറാഠാബ്രാഹ്മണരുടെ ഒരു വലിയ നിര തന്നെ ഉണ്ടായി. 

ഈ കുടുംബപരമ്പരയില്‍ പെട്ട ആലപ്പുഴ ജില്ലാ കോടതിയിലും തിരുവനന്തപുരത്തെ അപ്പീൽ കോടതിയിലും ജഡ്ജിയായിരുന്ന സഖാരാമറാവുവിന്റെ പുത്രനായി AD 1831 ജൂണിൽ തിരുവനന്തപുരത്തു വച്ച് നമ്മുടെ കഥാനായകൻ ഭൂജാതനായി. തിരുവിതാംകൂറിലെ എക്കാലത്തേയും പ്രശസ്തനായ ദിവാൻ സർ.ടി.മാധവറാവു,ദിവാൻ ബഹാദുർ രഘുനാഥറാവു എന്നിവർ രാമറാവുവിന്റെ പിതൃസഹോദരന്മാരായിരുന്നു. കൂടാതെ ദിവാൻമാരായിരുന്ന വെങ്കിട്ടറാവുവും രംഗറാവുവും അമ്മാവന്മാരും!.

തിരുവനന്തപുരത്തെ സർക്കാർ ഇംഗ്ലീഷ് പള്ളിക്കൂടത്തിലും (ഇന്നത്തെ ആര്ട്സ് കോളജ്) നാഗർകോവിലിലുള്ള ലണ്ടന്‍ മിഷന്‍ സെമിനാരി (LMS) യിലും വിദ്യാഭ്യാസം ചെയ്തു. അതിനു ശേഷം AD 1851-ൽ മാസം പത്തു രൂപാ ശമ്പളത്തിൽ ഹജൂർ കച്ചേരിയിൽ ജോലിയിൽ പ്രവേശിച്ചു. താമസിയാതെ AD 1855-ൽ കോഴിക്കോട്ടെ മലബാർ സിവിൽ സെഷൻസ് കോടതിയിൽ തർജ്ജമക്കാരനായി 23 രൂപാ ശമ്പളത്തിൽ ജോലി ചെയ്തു.

സർ.ടി.മാധവറാവു അക്കാലത്ത് തെക്കൻ ഡിവിഷന്റെ (നാഞ്ചിനാട് ) ദിവാൻ പേഷ്ക്കാരായിരുന്നു. ആഭ്യന്തരകലഹങ്ങളും അക്രമങ്ങളും സർവ്വസാധാരണമായ ഈ പ്രദേശത്തെ സമാധാനം പുനസ്ഥാപിക്കാൻ ഉള്ള നടപടികളുടെ ഭാഗമായി മാധവറാവു സുസ്സജ്ജമായ ഒരു ഔദ്യോഗികസന്നാഹത്തെ തന്നെ ഒരുക്കി. അതിന്‍റെ ഭാഗമായി സഹോദരപുത്രനായ രാമറാവുവിനെ കോഴിക്കോട്ട് നിന്ന് ജോലി രാജിവയ്പ്പിച്ചിട്ട് വിളിച്ചുവരുത്തി കൽക്കുളം താലൂക്കിലെ തഹസിൽദാരാക്കി നിയമിച്ചു.

ആ പദവിയിൽ ഇരുന്ന് ജനോപകാരപ്രദമായ നടപടികൾ കൈക്കൊണ്ടും അനീതിയും അക്രമങ്ങളും അടിച്ചമർത്തിയും തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടം വിജയകരമാക്കുവാനും അതുവഴി -മഹാരാജാവിന്റെ ശ്രദ്ധയ്ക്ക് പാത്രീഭൂതനാകാനും അദ്ദേഹത്തിനു സാധിച്ചു.

AD 1859 ൽ സർ.ടി.മാധവറാവു തിരുവിതാംകൂർ ദിവാനായതോടെ രാമറാവുവിനും ഉദ്യോഗകയറ്റം കിട്ടി; ഹജൂർ പോലീസ് ശിരസ്തദാരായി, അതായത് പോലീസ് സൂപ്രണ്ട്! പിന്നീട് ഹെഡ് ശിരസ്തദാരായും ഡെപ്യൂട്ടി പേഷ്കാരായും ഉന്നത പദവികളിലെത്താൻ അധികകാലം വേണ്ടിവന്നില്ല.

AD 1862 ൽ കൊല്ലം ഡിവിഷന്റെ ഡപ്യൂട്ടി പേഷ്കാരായി നിയമിതനായി. അക്കാലത്ത് കൊല്ലം ഡിവിഷന്റെ ഭാഗമായിരുന്നു കായങ്കുളം. കായങ്കുളം കായലിൽ കൊള്ളയടിയും പിടിച്ചുപറിയും തൊഴിലാക്കിയ ഒരു അക്രമിസംഘമുണ്ടായിരുന്നു. കുപ്രസിദ്ധനായ കായങ്കുളം കൊച്ചുണ്ണിയായിരുന്നു സംഘത്തലവൻ. വമ്പിച്ച പോലീസ് സന്നാഹത്തോടെ ഈ സംഘത്തെ അടിച്ചമർത്താൻ പല കാലത്തും ശ്രമിച്ചിട്ടും കൊച്ചുണ്ണിയെ വലയിലാക്കാൻ സാധിച്ചിരുന്നില്ല. 

രാമറാവു ദിവാൻ പേഷ്ക്കാരായി ചാർജെടുത്ത ഉടൻ തന്നെ ഇതിനായുള്ള പോലീസ് സേനയെ നവീകരിക്കുകയും നേതൃത്വം ഏറ്റെടുത്ത് ബുദ്ധിപരമായ നീക്കത്തിലൂടെ കായംകുളം കൊച്ചുണ്ണിയെ തടവിലാക്കുകയും ചെയ്തു. കൊല്ലത്ത് ദിവാൻ പേഷ്കാരായി നിരവധി പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തി. കൊല്ലം പട്ടണം നവീകരിച്ചു. കൊല്ലം-ചെങ്കോട്ട റോഡ് അടക്കം കൊല്ലം ജില്ലയിൽ ഇന്നു കാണുന്ന പ്രധാന പാതകളൊക്കെയും രാമറാവുവിന്റെ ഭരണകാലത്ത് വെട്ടിയുണ്ടാക്കിയതാണ്.

ചേർത്തല ആസ്ഥാനമായുള്ള വടക്കൻ ഡിവിഷനിൽ നിന്ന് വേർപെടുത്തി കോട്ടയം ഡിവിഷൻ സ്ഥാപിച്ച് അതിന്റെ ദിവാൻ പേഷ്ക്കാരായി രാമറാവു അവരോധിതനായി .അക്കാലത്തെ കോട്ടയം ഡിവിഷൻ ഇന്നത്തെ കോട്ടയം ,ഇടുക്കി ജില്ലകളും കോതമംഗലം, മൂവാറ്റുപുഴ, പിറവം തുടങ്ങിയ എറണാകുളം ജില്ലയുടെ ഭാഗങ്ങളും പത്തനംതിട്ട ജില്ലയുടെ വടക്കൻ ഭാഗങ്ങളും തിരുവല്ലായും ചെങ്ങന്നൂരുമൊക്കെ ഉൾപ്പെടുന്നതായിരുന്നു.

കോട്ടയത്തുനിന്ന്‌ പീരുമേട്ടിലേയ്ക്കുള്ള റോഡും കോട്ടയത്തുനിന്ന് തെക്കുവടക്കായുള്ള റോഡും പരിഷ്കരിച്ചു.ചെങ്ങന്നൂർ-മാന്നാർ റോഡ് വെട്ടിയുണ്ടാക്കി. ചെങ്ങന്നൂർ പട്ടണമാക്കി വികസിപ്പിച്ചു.


പഴയ കോട്ടയം പട്ടണത്തിന്റെ ആസ്ഥാനമായിരുന്ന കോട്ടയത്തിന് ആ പേരു സംഭാവന ചെയ്ത തളിയിൽകോട്ട അക്കാലത്ത് പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്നു. ആറു കൊത്തളങ്ങളോടും കിടങ്ങുകളോടും കൂടിയ ഒന്നര കിലോമീറ്റർ ചുറ്റളവിലുണ്ടായിരുന്ന ആ കോട്ട പൊളിച്ചു മാറ്റിയതിലൂടെ കോട്ടയത്തിന്റെ ഭൂതകാല ചരിത്രത്തിന്റെ മഹത്തായ ഒരു അവശേഷിപ്പാണ് രാമറാവു നീക്കം ചെയ്തത്. വിധേയനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ചുമതല നിറവേറ്റിയതാവാം. 

തങ്ങളുടെ പൂർവ്വികൻ പിടിച്ചടക്കിയ പ്രദേശങ്ങളിലെ രാജവാഴ്ചയുടെ അവശേഷിപ്പുകൾ തുടച്ചുനീക്കുക എന്നത് തിരുവിതാംകൂർ ഭരണാധികാരികളുടെ നയമായിരുന്നു. ധര്‍മ്മരാജാ മുതലിങ്ങോട്ടുള്ള തിരുവിതാംകൂര്‍ ഭരണാധികാരികള്‍ ജനമനസ്സിൽ കടന്നുകയറി സ്ഥാനമുറപ്പിച്ചതിലൂടെ അവര്‍ക്ക് മുമ്പുള്ള ഭൂതകാലത്തെ ഒട്ടൊക്കെ മായ്ച്ചുകളയാനും തിരുവിതാംകൂറിനു സാധിച്ചു.

രാമറാവുവിന്റെ നേതൃത്വത്തിൽ കോട്ട പൊളിക്കുന്ന ജോലി തുടങ്ങിയ സമയത്ത് കാനേഷുമാരി (സെൻസസ്) ജോലികളുടെ ഭാഗമായി ജെ.ബി. പാൽമർ എന്ന ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കോട്ടയത്തെത്തി. കോട്ട പൊളിക്കുവാനള്ള നീക്കങ്ങൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഒരു രാജവാഴ്ചയുടെ ചരിത്രം പറയുന്ന ഈ കോട്ട പൊളിച്ചുകളയുന്നത് കോട്ടയത്തുകാരോട് ചെയ്യുന്ന അനീതിയാണെന്നും ചരിത്രം അതിനു മാപ്പു തരില്ലെന്നും പാൽമർ രാമറാവുവിനെ ധരിപ്പിച്ചു. 

നിസ്സഹായനായ റാവു രാജസമക്ഷം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ നിർദ്ദേശിച്ചു. .പാൽമർ തിരുവനന്തപുരത്തേയ്ക്ക് അയച്ച ഹർജിക്ക് മറുപടി വന്നത് ഇങ്ങനെയാണ് "കോട്ടയത്തെ പൗരപ്രമുഖരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ട പൊളിക്കുന്നതെന്നും അവർക്കില്ലാത്ത ചരിത്രബോധം വിദേശിയായ താങ്കൾ വച്ചുപുലർത്തുന്നുവെങ്കിൽ അത് പരിഗണിക്കപ്പെടേണ്ടതില്ലെന്നും ....!

അക്കാലത്ത് ജലഗതാഗതമായിരുന്ന മുഖ്യം.കോട്ടയത്തുനിന്ന് വൈക്കം, ചേർത്തല എന്നിവിടങ്ങളിലേയ്ക്ക് പോകണമെങ്കിൽ വേമ്പനാട്ടു കായൽ ചുറ്റിക്കറങ്ങണമായിരുന്നു. ഇതു പരിഹരിക്കുന്നതിനായി കോട്ടയത്ത് മര്യാത്തുരുത്തിൽ നിന്നും ആരംഭിക്കുന്ന മീനച്ചിലാറിന്റെ ശാഖയെ ഇടത്തോടുകളുമായി ബന്ധിപ്പിച്ച് കല്ലുങ്കത്ര, നീണ്ടൂർ, കല്ലറ, പെരുന്തുരുത്ത് കടന്ന് വൈക്കത്തെത്തുന്ന നിലയിൽ പരിഷ്കരിച്ചു.

കോട്ടയത്തുനിന്ന് ആലപ്പുഴയിലേയ്ക്ക് ജലമാർഗ്ഗം സഞ്ചരിക്കുന്നതിനായി കോട്ടയത്ത് കച്ചേരിക്കടവിന്റെ തെക്ക് കൊടൂരാറിൽനിന്നും ആരംഭിച്ച് പടിഞ്ഞാറോട്ട് നേർരേഖയിൽ ഒരു തോട് വേമ്പനാട്ടുകായലിന്റെ തുടക്കമായ ആർ-ബ്ലോക്ക് വരെ വെട്ടിയുണ്ടാക്കി. പുത്തൻതോട് എന്നറിയപ്പെട്ട ഈ തോട്ടിലൂടെ വൈകാതെ തീബോട്ട് സർവ്വീസ് ആരംഭിച്ചു.കോട്ടയത്ത് കച്ചേരിക്കടവിൽ ബോട്ട് അടുക്കുന്നതിനായി ജെട്ടിയും സ്ഥാപിച്ചു.

തിരുനക്കരയിൽ ചന്ത ആരംഭിച്ചതോടുകൂടി കോട്ടയം തികഞ്ഞ ഒരു വ്യാപാരകേന്ദ്രമായി മാറി. കിഴക്കൻ മലഞ്ചരക്കുകൾ ആലപ്പുഴ തുറമുഖത്തേയ്ക്ക് എത്തിക്കുന്നതിൽ ഇടത്താവളമായും ഈ ചന്ത മാറി.അതോടെ കച്ചവടത്തിനായും മറ്റും നിരവധി ജനസമൂഹങ്ങൾ കോട്ടയത്തേയ്ക്ക് കുടിയേറി.കായങ്കുളം, കൊച്ചിമേഖലയിൽ നിന്ന് സേട്ടുമാരും രാജപാളയം, മധുര മേഖലകളിൽനിന്ന് റാവുത്തർമാരും കച്ചവടത്തിനായി എത്തി പാർപ്പുറപ്പിച്ചു. 

തകർന്ന താഴത്തങ്ങാടിയിൽ നൂറ്റാണ്ടുകളായി കച്ചവടരംഗത്തുണ്ടായിരുന്ന ഗൗഡസാരസ്വതർ തിരുനക്കര ചന്തയിലും തങ്ങളുടെ മേൽക്കൈ നിലനിർത്തി.തിരുനക്കരക്ഷേത്രത്തിനു പ്രശസ്തി കൈവന്നതോടെ ക്ഷേത്രത്തിനു ചുറ്റുമായി തമിഴ് ബ്രാഹ്മണരും നായർ സമുദായക്കാരും പാർപ്പുറപ്പിച്ചു.സർക്കാർ ജോലികളിലും കണക്കെഴുത്തു മുതലായ ആഫീസ് ജോലികളിലും തമിഴ് ബ്രാഹ്മണർ ഉപജിവനമാർഗ്ഗം കണ്ടെത്തി.

സർക്കാർ പുറമ്പോക്കായി കിടന്ന സ്ഥലങ്ങൾ -പ്രദേശവാസികൾക്ക് പതിച്ചു കൊടുക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥന്മാരെ ഓരോ സ്ഥലത്തും പ്രത്യേകം നിയോഗിച്ചു. കുറ്റിക്കാടും കുന്നു കുഴിയും നിറഞ്ഞ, അവികസിതമായ പട്ടണത്തിന്‍റെ പാതയോരങ്ങളില്‍ ബെഞ്ചിട്ട് ഇരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതിരിക്കാൻ ചന്തയിലേയ്ക്കും മറ്റും പോകുന്ന ആൾക്കാർ ഇടവഴികളിലൂടെ പോകുമായിരുന്നുവത്രെ! കൺമുന്നിൽ പെട്ടാലോ, നഗരമധ്യത്തിൽ പുറമ്പോക്കായി കിടക്കുന്ന തരിശുഭൂമി ഏക്കറുകണക്കിന് പതിച്ചുതരും. പിന്നെ കരം ഒടുക്കേണ്ടി വരുമല്ലോ? അതു ഭയന്നാണ് ആൾക്കാർ വഴിമാറി നടന്നതെന്നു ഇന്നു കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നില്ലേ!

പ്രദേശത്തെ ജനങ്ങളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും അതിലൂടെ വിജ്ഞാനസമ്പന്നരാക്കുന്നതിനുമായി പണം പിരിച്ച് ഒരു വായനശാല തിരുനക്കരയിൽ ആരംഭിച്ചു.അതാണ് കോട്ടയം പബ്ലിക് ലൈബ്രറി ആയത്.പ്രതിമാസ സെമിനാറുകളും പ്രഭാഷണങ്ങളും ഇവിടെ നടത്തി.അത്തരത്തിൽ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരം എന്ന പദവി കോട്ടയത്തിനു ലഭ്യമാകുന്നതിനു വേണ്ടിയുള്ള സാക്ഷരതാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ദിവാൻ പേഷ്കാർ രാമറാവു ആണെന്നതിൽ സംശയമേതുമില്ല. കൂടാതെ ആതുരശുശ്രൂഷാരംഗത്തും ആരോഗ്യ സംരക്ഷണരംഗത്തും നിരവധി നടപടികൾ ഏറ്റെടുത്തു നടപ്പാക്കി. കോട്ടയത്ത് ഒരു ജില്ലാ ആശുപത്രി സ്ഥാപിച്ചു.

കാർഷികരംഗത്ത് പുരോഗതി കൈവരിക്കുന്നതിനായി പരിഷ്കൃതമായ കൃഷിസമ്പ്രദായ രീതികൾ പ്രചരിപ്പിക്കുവാൻ കർഷക കൂട്ടായ്മകൾ വിളിച്ചു ചേർക്കുകയും തിരഞ്ഞെടുത്ത കൃഷിയിടങ്ങളിൽ പരീക്ഷിച്ച് കർഷകരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു. അക്കാലത്ത് കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ നെൽപ്പാടങ്ങൾ മികച്ച വിളവു തന്നിരുന്നതായി പറയപ്പെടുന്നു.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങളുടെ നടത്തിപ്പു അക്കാലത്ത് സർക്കാർ ചുമതലയിലായിരുന്നു. ഉത്സവാടിയന്തിരങ്ങൾക്ക് ആവശ്യമായ തുക ഖജനാവിൽ നിന്ന് അനുവദിപ്പിച്ചും അത് പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം നിന്നു സഹകരിച്ചും തൻറേതായ പങ്കാളിത്തം ഉറപ്പാക്കി. ഉത്സവകാലത്ത് ഒരു കാളച്ചന്ത തിരുനക്കര മൈതാനത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ആരംഭിച്ചു. രാമറാവുവിന്റെ കാലശേഷം അത് നിലച്ചുപോകുകയാണുണ്ടായത്.

തിരുനക്കര ക്ഷേത്രത്തിലെ ആറാട്ടു ദിനത്തിൽ മികച്ച നിലയിലുള്ള ഒരു കാർഷികപ്രദർശനം തിരുനക്കരയിൽ സ്ഥിരമായി സംഘടിപ്പിക്കുന്നതിന് അദ്ദേഹം തീരുമാനിച്ചു.അക്കാലത്ത് അപൂർവമായ ഈ കാർഷിക പ്രദർശനം കാണുന്നതിനായി ദൂരദിക്കിൽ നിന്നു പോലും നിരവധിയാളുകൾ എത്തിച്ചേർന്നിരുന്നു.എന്നാൽ അധികകാലം ഇതും നീണ്ടുനിന്നില്ല.

കോട്ടയത്ത് ആംഗ്ലിക്കൻ മിഷണറിമാർ നടത്തന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമൂഹ്യപരിഷ്കാരങ്ങൾക്കും സകലപിന്തുണയും സർക്കാർ ഭാഗത്ത് നിന്ന ഉള്ള സഹായങ്ങളും അദ്ദേഹം ഉറപ്പാക്കി. സി.എം.എസ് കോളജിലെ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ പോലും ഈ ഭരണാധികാരി ശുഷ്കാന്തി കാണിച്ചു.അദ്ദേഹം വിദ്യ അഭ്യസിച്ചിരുന്നത് ആംഗ്ലിക്കൻ മിഷണറി സ്കൂളിൽ തന്നെ ആയിരുന്നതിനാൽ വ്യക്തിപരമായ ഒരു മമത കോട്ടയത്തെ മിഷണറി പ്രവർത്തനങ്ങളോട് അദ്ദേഹം കാട്ടിയിരുന്നു.

ഹജൂർ കച്ചേരിയിൽ നിന്നും ഉയർന്ന് ഒരു ഡിവിഷൻ കച്ചേരി തിരുനക്കരയിൽ സ്ഥാപിക്കപ്പെട്ടു. തളിക്കോട്ട പൊളിച്ച കല്ല് ഉപയോഗിച്ച് തിരുനക്കരയിലെ കേരളപുരംകുളം കെട്ടിയതോടൊപ്പം കച്ചേരി ആപ്പീസും പണിതു. പിൽക്കാലത്ത് വെസ്റ്റ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ച ആ കെട്ടിടം ഇപ്പോൾ പൊളിച്ചുമാറ്റി.

കോട്ടയത്തെ വള്ളംകളികൾ കൂടുതൽ മോടിയോടെ നടത്തുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. ചുങ്കത്തും കുമാരനല്ലൂരിലും നടന്നു വന്നിരുന്ന വള്ളംകളികൾ മികച്ചതാക്കി. താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ നടന്നു വന്നിരുന്ന കോട്ടയം വള്ളംകളിക്ക് അന്താരാഷ്ട്ര പ്രശസ്തി കൈവന്നത് ദിവാൻ പേഷ്കാരുടെ ശ്രമഫലമാണ്. AD 1885 ൽ മത്സരവള്ളംകളിയായി കോട്ടയം വള്ളംകളി ഉയർത്തപ്പെട്ടു.

കോട്ടയം ഡിവിഷനിൽ പ്രത്യേകിച്ചും കോട്ടയം നഗരത്തിൽ അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്ന നിലയിൽ AD 1885-ൽ മഹാരാജാ വിശാഖം തിരുനാൾ അന്നോളമില്ലാതിരുന്ന ഹെഡ് ദിവാൻ പേഷ്കാർ എന്ന ഒരു പുതിയ ഔദ്യോഗികപദവി രാമറാവുവിന് കല്പിച്ചനുവദിച്ചു. വൈകാതെ മദ്രാസ് സർവകലാശാലയുടെ സാമാജികനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

AD 1887-ൽ രാമറാവു തിരുവിതാംകൂറിലെ ദിവാനായി സ്ഥാനമേറ്റു.തിരുവിതാംകൂറിൽ ആദ്യമായി നിയമനിർമ്മാണ സഭ ആരംഭിക്കുന്നത് അദ്ദേഹം ദിവാനായിരിക്കുമ്പോളാണ്. സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന പല നിയമങ്ങളും പൊളിച്ചെഴുതുന്നതിന് ഇതിടയാക്കി. പാട്ടത്തുകയായും വിലവാശിയായും അനേകകാലമായി കെട്ടിക്കിടന്നിരുന്ന കുടിശ്ശിഖകൾ ഇളവു ചെയ്തു കൊടുത്തു.എങ്കിലും ശരിയായ ഭരണ നടപടികൾ മൂലം സർക്കാരിന്റെ സാമ്പത്തികസ്ഥിതി വർദ്ധിച്ചു.തന്മൂലം വടക്കൻ ഡിവിഷനുകളിൽ പ്രത്യേകിച്ച് കോട്ടയത്ത് കൃഷി-മരാമത്ത് പണികൾക്ക് കൂടുതൽ തുക അനുവദിക്കാനായി.

1891-ൽ വിക്ടോറിയാ മഹാരാജ്ഞി "കമ്പാനിയൻ ഓഫ് ദി ഇന്ത്യൻ എമ്പയർ " എന്ന ബഹുമതി ദിവാൻ രാമറാവുവിന് സമ്മാനിച്ചു.അഞ്ചര വർഷക്കാലം ദിവാൻ പദവിയിലിരുന്ന ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് AD 1892-ൽ രാജിവച്ച് സ്ഥാനമൊഴിഞ്ഞു.

പരവൂരിനടുത്തുള്ള നെടുങ്ങോലത്തെ വസതിയിൽ കഴിച്ചുകൂട്ടവേ പക്ഷപാതം വർദ്ധിച്ച് അവശതയിലായി. മെച്ചപ്പെട്ട ചികിത്സക്കായി തിരുവനന്തപുരത്ത് ശംഖുമുഖത്തുള്ള മേടയിൽ കൊണ്ടുവന്നു. പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള വെള്ളയമ്പലത്തെ വസതിയിൽ മാറ്റിപ്പാർപ്പിച്ച് മികച്ച ശിശ്രൂഷകൾ നൽകി. AD 1895 ജൂൺ 4 ന് അസുഖം മൂർച്ഛിക്കുകയും അതിനുത്ത ദിവസം വൈകിട്ട് ചരമം പ്രാപിക്കുകയും ചെയ്തു.



കേവലം ഒരു പതിറ്റാണ്ടുകാലം കോട്ടയം ഡിവിഷന്റെ ദിവാൻ പേഷ്കാർ എന്ന നിലയിലും പിന്നീട് തിരുവിതാംകൂർ ദിവാൻ എന്ന നിലയിലും സർ.ടി.രാമറാവു കോട്ടയത്ത് നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾക്കും വികസന ക്ഷേമപ്രവർത്തനങ്ങൾക്കും ഒപ്പമെത്താൻ ജനാധിപത്യകാലത്തെ ജനപ്രതിനിധികൾക്കോ ഭരണാധികാരികൾക്കോ സാധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ദീർഘവീക്ഷണവും സേവനതൽപ്പരതയും കൈമുതലാക്കിയ ഈ കർമ്മയോഗി നടപ്പിലാക്കിയ വികസനങ്ങളെ പരിഷ്കരിക്കുവാനോ തുടരുവാനോ മാത്രമേ പിന്നീടു വന്നവർക്ക് സാധിച്ചിട്ടുള്ളു. ആധുനിക കോട്ടയത്തിന്റെ സ്ഥാനനിർണ്ണയം മുതൽ നഗരരൂപീകരണം വരെയുള്ള സ്വന്തം ആശയത്തെ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

 കൊല്ലും കൊലയും അനാചാരങ്ങളും അസമത്വങ്ങളുമുണ്ടായിരുന്ന പഴയ രാജവാഴ്ചക്കാലത്ത് നീതിയും ന്യായവും കൈമുതലാക്കി സ്വന്തം ജന്മം പോലും ജനനന്മയ്ക്ക് എന്നു കരുതിയിരുന്ന അപൂർവ്വം ചിലരെങ്കിലുമുണ്ടായിരുന്നു എന്നതിന് സർ.ടി.രാമറാവുവിന്റെ ജീവിതം ദൃഷ്ടാന്തമാണ്. ഈ മഹാപുരുഷന്റെ സ്മരണയ്ക്കായി കോട്ടയത്ത് ആരും ഒന്നും കെട്ടിയുയർത്തിയിട്ടില്ലെങ്കിലും കോട്ടയം നഗരം തന്നെ അദ്ദേഹത്തിന്റെ സ്മാരകശില്പമായി എന്നെന്നും നിലനിൽക്കും.

(കടപ്പാട്:  പളളിക്കോണം രാജീവ്).


ലോകത്ത് എവിടെച്ചെന്നാലും മലയാളികൾ ഉണ്ട് എന്ന് പറയുമ്പോൾ അവിടെയൊക്കെ കോട്ടയo കാരുണ്ട് എന്നതാണ് സത്യം. കോട്ടയത്തെ നമ്മൾ ശ്രദ്ധിക്കുമ്പോൾ ഭാഷ കൊണ്ടും ആചാരങ്ങൾ കൊണ്ടും വസ്ത്രധാരണകൾ കൊണ്ടും കോട്ടയം മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമാണ്.


കാര്യങ്ങൾ വ്യക്തമായി കേൾക്കണമെങ്കിൽ നല്ല അച്ചടി ഭാഷ കേൾക്കണം എന്ന് പറയുന്നത് വെറുതെയല്ല അത് കോട്ടയംകാർ തന്നെ പറയണം.   ഒത്തൊരുമയുടെ കൂട്ടായ്മയുടെ വലിയ സൗഹൃദബന്ധങ്ങൾ കോട്ടയത്ത് കാണാൻ സാധിക്കും. ക്ഷേത്രങ്ങളും, പള്ളികളും, മസ്ജിദുകളും ഒക്കെ ഒരുമിച്ച് കൈകോർത്തു നിൽക്കുന്ന മനോഹരമായ കാഴ്ച കോട്ടയത്തിനു മാത്രം അവകാശപ്പെട്ടതാണ് .   
ലോകത്ത് ഏതൊരു സഞ്ചാരികളും ആദ്യം ഓടിയെത്താൻ ആഗ്രഹിക്കുന്നത് നമ്മുടെ കുമരകത്തേക്കാണ്. കുമരകത്തിന്റെ മനോഹാരിതയും, വേമ്പനാട്ടുകായലിന്റെ വശ്യതയും, ഇല്ലിക്കൽ കല്ലും, അരുവികുഴി വെള്ളച്ചാട്ടവും, റബർ തോട്ടങ്ങളും എന്നുവേണ്ട കിഴക്കിന്റെ കവാടമായ മുണ്ടക്കയവും ഒക്കെ കാണാൻ അതിമനോഹരമാണ്.  പാലായും, കോട്ടയവും ,പൂഞ്ഞാറും, കാഞ്ഞിരപ്പള്ളിയും ,ചങ്ങനാശ്ശേരിയും, വൈക്കവുമൊക്കെ ചേർന്ന് അങ്ങനെ പടർന്നു കിടക്കുകയാണ് കോട്ടയം.  ചരിത്ര പ്രാധാന്യമുള്ള കെ കെ റോഡ് കോട്ടയത്തിന്റെ വിരിമാറിലൂടെ കടന്നുപോകുന്നു.  കിഴക്കൻ മേഖലയിൽ നിന്ന് ആളുകൾ വളരെ വേഗത്തിൽ എത്തിയിരുന്നത് ഈ വഴിയെ ആശ്രയിച്ചാണ്. 
  

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും,  നിരവധി  കോളേജുകളും, അങ്ങനെ ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് പഠിക്കുവാൻ വേണ്ടി ഈ കൊച്ചു നാട്ടിലേക്ക്, കോട്ടയത്തേക്ക് കടന്നുവരുന്നവർ ഏറെയാണ്.  ആതുര സേവനരംഗത്ത് ലോകപ്രസക്തമാണ് കോട്ടയം മെഡിക്കൽ കോളേജ്.  കൂടാതെ ഗവൺമെൻറ് പ്രസുകളിൽ ഒന്ന് വാഴൂരാണ്.  സാക്ഷരതാ മിഷന്റെ പ്രവർത്തനത്തിൽ  100% സാക്ഷരത കൈവരിച്ചതും കോട്ടയത്ത് തന്നെയാണ്.  കലാരംഗത്ത് കോട്ടയത്തുനിന്നും നിരവധി കലാകാരന്മാരും, എഴുത്തിന്റെ മേഖലയിൽ ലോകപ്രസക്തമായ വൈക്കം മുഹമ്മദ് ബഷീറും, അരുന്ധതിറോയിയുമൊക്കെ കോട്ടയത്തിന്റെ  സ്വന്തമാണ്.

അങ്ങനെ എണ്ണിയാൽ തീരാത്ത, പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ കൊണ്ട് നിറഞ്ഞ കോട്ടയം 75 വർഷം പിന്നിടുമ്പോൾ തലമുറകൾക്ക് കൈമാറുവാൻ ഇനിയും ഇനിയും ഒരുപാട് നല്ല ഓർമ്മകൾ ബാക്കി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !