ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
വനിതാ- ശിശു വികസനവകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം - 2023' പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ മികവു തെളിയിച്ച കുട്ടികൾക്കാണ് അവസരം.
6-11,12-18 എന്നീ പ്രായവിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിലും ഓരോ കുട്ടിയെ വീതം പുരസ്്ക്കാരത്തിനായി തെരഞ്ഞെടുക്കും. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കു പ്രത്യേക പുരസ്‌ക്കാരം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപയും പുരസ്‌ക്കാരവും നൽകും.
2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31 വരെയുള്ള പ്രാഗത്ഭ്യമാണ് പരിഗണിക്കുക. കഴിവു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രം, വീഡിയോകൾ, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. കേന്ദ്രസർക്കാരിന്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്‌സപ്ഷണൽ അച്ചീവ്‌മെന്റ് നേടിയവരെയും ഉജ്വല ബാല്യം പുരസ്‌കാരം മുമ്പ് ലഭിച്ചവരെയും പരിഗണിക്കില്ല.
അപേക്ഷാ ഫോം www.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 15ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം - 686001 എന്ന വിലാസത്തിൽ ലഭിക്കണം. കോട്ടയം ജില്ലയിൽ നിന്നുള്ള കുട്ടികളുടെ അപേക്ഷയേ പരിഗണിക്കുകയുള്ളു. വിശദവിവരങ്ങൾക്ക് ഫോൺ : 0481- 2580548,9656560504,9496804801