കറുകച്ചാൽ: വൃക്ഷ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയും, കറുകച്ചാൽ സൗഹൃദ സംഘവും സംയുക്തമായി പൊതുരംഗത്തും കലാസാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായ, ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ചെമ്പക്കരയ്ക്ക് ആദരവ് നൽകി. വളരെ കാലമായി പത്രപ്രവർത്തനരംഗത്തും, പരിസ്ഥിതി പ്രവർത്തകനായും, യുവകലാസാഹിതിയുടെ ജില്ലാ സാരഥിയായും ജോസ് ചമ്പക്കര പ്രവർത്തിച്ചുവരുന്നു. ചമ്പക്കര മ്യൂസിക് ക്ലബ്ബ് എന്ന സംഘടന കൊണ്ട് നാട്ടിലെ നിരവധി ആളുകൾക്ക് പാടാനും, അവരുടെ കഴിവുകൾ തെളിയിക്കാനുമുള്ള അവസരം ഇതിനോടകം നൽകുന്നുണ്ട്.
കറുകച്ചാൽ പെൻഷൻ ഭവനിൽ വച്ച് കൂടിയ യോഗത്തിൽ ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ആദരവ് നൽകി. ആധുനികതയും ടെക്നോളജിയുടെ ആവിർഭാവവും മനുഷ്യനിലേക്ക് കടന്നുവന്നപ്പോൾ വായനയുടെ ലോകത്തുനിന്ന് ആളുകൾ പിന്നാമ്പുറത്തേക്ക് പോയെന്നും, മക്കളുടെ കൈപിടിച്ച് ഹോട്ടലുകളിലേക്ക് ഫാസ്റ്റ് ഫുഡ് കഴിക്കുവാൻ നിരന്തരം കയറുന്ന മാതാപിതാക്കൾ, കുട്ടികളേയും കൊണ്ട് ഒരു ലൈബ്രറിയിൽ പോലും ഇന്നുവരെ കേറിയതായി എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും ചീഫ് വിപ്പ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വായനയിലൂടെ ലഭിക്കുന്ന അറിവിന്റെയും വിജ്ഞാനത്തിന്റെയും മാനസിക വളർച്ചയുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുവരേണ്ടതും, ഇത്തരത്തിൽ ലൈബ്രറികളുടെ പ്രവർത്തനമാണെന്നും അത് പൊതുസമൂഹം മനസ്സിലാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ ബിനുവും എൻ ജയരാജും ചേർന്ന് ജോസ് ചെമ്പക്കരയ്ക്ക് വൃക്ഷത്തൈ നൽകി.
അജി കാരിവാക്കൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് രഞ്ജി രവീന്ദ്രൻ, കറുകച്ചാൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീതാമണി രാജേന്ദ്രൻ, ഡോ. എസ് ഗിരീഷ്, രാജേഷ് കൈടാച്ചിറ, ബിജു എബ്രഹാം,എം ഇബ്രാഹിംകുട്ടി, ജോൺസൺ ജോൺ, മനോജ് പനക്കുഴി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തൻറെ ജീവിതയാത്രയിൽ ലൈബ്രറി വായനകളും രാഷ്ട്രീയ രംഗപ്രവേശനവും സാമൂഹ്യ ജീവിതവും ഒക്കെ പറഞ്ഞുകൊണ്ട് എല്ലാവർക്കും ജോസ് ചമ്പക്കര നന്ദി പറഞ്ഞു.