സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയതിനെത്തുടർന്ന് ദുരന്തനിവാരണ അതോറിറ്റി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സൂചിക 6നു മുകളിലുള്ള പ്രദേശങ്ങളിൽ ഉള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതലെടുക്കണമെന്നാണു നിർദേശം.
സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം , ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. പ്രതിരോധശേഷി കുറഞ്ഞവർ, ക്യാൻസർ രോഗികൾ, ചർമ്മരോഗമുള്ളവർ എന്നിവർക്ക് യുവി രശ്മികൾ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.


