തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ വെച്ചാണ് ഏകദിന സാമ്പത്തിക മാനേജ്മെൻ്റ് പഠന പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപന പ്രകാരമാണ് ഭാഗ്യക്കുറി വകുപ്പ് ഈ തുടർ പഠന പരിപാടി സംഘടിപ്പിച്ചത്.
വ്യക്തിഗത ധനകാര്യ മാനേജ്മെൻ്റ്, നികുതി ബാധ്യതകൾ കൈകാര്യം ചെയ്യൽ, പണത്തിൻ്റെ മനഃശാസ്ത്രം, മികച്ച നിക്ഷേപ രീതികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസ്സെടുത്തു. ഓണം ബമ്പറിന് ശേഷം പത്ത് ലക്ഷത്തിലധികം രൂപയുടെ സമ്മാനം നേടിയവരാണ് ക്ലാസുകളിൽ പങ്കെടുത്തത്. ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്ത പഠന പരിപാടിയിൽ ഡോ. രാമലിംഗം, ഡോ. മോഹൻ റോയി തുടങ്ങിയവർ ക്ലാസ്സെടുത്തു. ഭാഗ്യക്കുറി ജോയിൻ്റ് ഡയറക്ടർ മായ എൻ. പിള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിൻ്റെയും ഭാഗ്യക്കുറി വകുപ്പിൻ്റെയും സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെ ഭാഗമായി ലോട്ടറി സമ്മാന ജേതാക്കൾക്കായുള്ള സാമ്പത്തിക മാനേജ്മെൻ്റ് പഠന സൗകര്യം ഒരു തുടർ പരിപാടിയായി സംഘടിപ്പിക്കുമെന്ന് ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു.


