ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ മേഖലയിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഈ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഫെബ്രുവരി 18-ഓടെ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളം ഉള്‍പ്പെടെ തീരദേശ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ചക്രവാതച്ചുഴിയും സജീവമായിട്ടുണ്ട്.ഇതിന്റെ സ്വാധീനഫലമായി ഫെബ്രുവരി 19 മുതല്‍ 21 വരെ കൊല്ലം, തിരുവനന്തപുരം പത്തനംതിട്ട ജില്ലകളില്‍ നേരിയ മുതല്‍ ഇടത്തരം മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലും മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.