നിർദിഷ്ട അങ്കമാലി-എരുമേലി ശബരി പാത ബാലരാമപുരത്തേക്കു നീട്ടുന്ന സർവേയും വിശദപദ്ധതി രേഖ (ഡിപിആർ) തയാറാക്കലും മൂന്ന് ജില്ലകളിലെ മലയോര പ്രദേശങ്ങൾക്കു റെയിൽ സൗകര്യം ലഭ്യമാക്കും. എരുമേലിയിൽനിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് റെയിൽപ്പാത എത്തിക്കുന്നതിനുള്ള സാധ്യതാപഠനത്തിനാണ് രണ്ടുകോടി രൂപ സർക്കാർ വകയിരുത്തിയത്. 4800 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ മൂന്നാമത്തെ സമാന്തര റെയില്‍വേ ലൈനായി ശബരി പാത മാറും.
എരുമേലിയിൽനിന്നു റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട വഴി ബാലരാമപുരം വരെ എത്തുന്ന പാതയാണ് പരിഗണിക്കുന്നത്. ഇത് പുനലൂരിനടുത്ത് കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കും. ഇതുവഴി തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകർക്ക് എരുമേലി യാത്ര എളുപ്പമാകും.