മണിമല മേജർ കുടിവെള്ള പദ്ധതി യുടെ പ്രവർത്തനം പത്തുവർഷമായി സ്തംഭിച്ചിരിക്കുന്നു. വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. സംസ്ഥാന സർക്കാരിൽ ക്യാബിനറ്റ് പദവി വഹിച്ചിട്ടും പദ്ധതി പൂർത്തിയാക്കുന്നതിന് സാധിച്ചില്ല. എംഎൽഎ ആയിരുന്ന മുഴുവൻ സമയവും പദ്ധതിയുടെ പേരിൽ ഒഴിവുകഴിവുകൾ പറഞ്ഞു സമയം പാഴാക്കി .ജയരാജന്റെ പദ്ധതികൾ എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്.
പതിറ്റാണ്ടുകളായി എംഎൽഎ ആയിരുന്നിട്ടും മണ്ഡലത്തിലെ പ്രധാന പ്രശ്നമായ കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും പദ്ധതി കേസിൽ പെട്ടതിനാലാണ് പണി പൂർത്തിയാക്കാൻ സാധിക്കാത്തതെന്ന് ജയരാജ് പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നാൽ പൊതു ആവശ്യത്തിനുള്ള റോഡുകളുടെ നിർമ്മാണത്തിന് ഹൈക്കോടതിയിൽ എത്തുന്ന കേസുകൾ ആറുമാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് പ്രത്യേക ചട്ടം തന്നെ ഉള്ളതാണ്. ഈ നിർദ്ദേശം നിലനിൽക്കെ ആയതിന് ശ്രമിക്കുന്നതിന് ഡോ. ജയരാജന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ കേസ് മൂലം പദ്ധതി മുടങ്ങിക്കിടക്കുകയാണ് , ചില ആളുകൾ തടസ്സപ്പെടുത്തുകയാണ് എന്ന കള്ളപ്രചരണം നടത്തിക്കൊണ്ടേയിരിക്കുന്നു. യഥാർത്ഥത്തിൽ വികസന പ്രവർത്തനങ്ങളോടുള്ള ആത്മാർത്ഥതയില്ലായ്മയാണ് ഇത് വെളിവാക്കുന്നത്. കറുകച്ചാലിലെ ബൈപ്പാസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
മണ്ഡലത്തിൽ ഏതാനും റോഡുകൾ ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തിയത് ഒഴിച്ചാൽ ഗ്രാമീണ മേഖലയിലെ ഏറിയപങ്ക് റോഡുകളും തകർന്ന നിലയിലാണ്. ഇവയുടെ നവീകരണത്തിനായി യാതൊരു പദ്ധതികളും തയ്യാറാക്കിയില്ല. നല്ല നിലയിൽ ആയിരുന്ന ചില റോഡുകളും മാർച്ച് മാസത്തിൽ കുത്തിപ്പൊളിച്ച് ഗതാഗതത്തിന് യോഗ്യമല്ലാത്ത സ്ഥിതിയിലാക്കി.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് ഏഴ് ഏക്കറോളം സ്ഥലമാണുള്ളത്. എന്നാൽ ഈ സ്ഥലത്തെ പൂർണ്ണമായിട്ടും പ്രയോജനപ്പെടുത്തി ഒരു പദ്ധതി തയ്യാറാക്കുന്നതിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ജയരാജന് സാധിച്ചില്ല. അവിടെയും , ഇവിടെയും കെട്ടിടങ്ങൾ പണിത് ദീർഘവീക്ഷണം ഇല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക മാത്രമാണ് ചെയ്യുന്നത്. ആരോഗ്യ മേഖലയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എല്ലാവിധത്തിലും ബഹുദൂരം പിന്നിലായി.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒൻപത് പഞ്ചായത്തുകളിൽ ഏഴിലും യുഡിഎഫ് മേൽക്കോയ്മയാണ് ഉണ്ടായത്. ജനങ്ങൾ എംഎൽഎ എന്ന നിലയിലുള്ള ജയരാജന്റെ പ്രവർത്തനം വിലയിരുത്തി സർക്കാറിന് എതിരെ പ്രകടിപ്പിച്ച ജനവികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചത്. ജനങ്ങളുടെ നിലപാടിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല. അതേ വികാരം ഈ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ജനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ ബേബിയെ തിരഞ്ഞെടുക്കുകയും ചെയ്യും.
വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ അഡ്വ.പി സതീശ് ചന്ദ്രൻ നായർ , കെപിസിസി അംഗം തോമസ് കല്ലാടൻ, സി വി തോമസ്കുട്ടി, ജിജി അഞ്ചാനി, പി എ ശിഹാബുദ്ദീൻ, അഡ്വ. പി ജീരാജ്, അഡ്വ. അഭിലാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു .




