കൊച്ചി: അവയവ കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിലും മുഖ്യപ്രതികളുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ഒരേസമയം പരിശോധന നടത്തി.രാവിലെ 6 മണിയോടെയാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ചത്.
അവയവദാനവുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും സ്വകാര്യ ആശുപത്രികളിൽ നിന്ന് വൻതോതിൽ കമ്മീഷൻ ലഭിച്ചതായി EDയുടെ പ്രാഥമിക കണ്ടെത്തൽ.ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് നീക്കം.
കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കോട്ടയം വാഴൂർ പുളിക്കൽ കവല ഉദയപുരം സ്വദേശിനി വ്യാജരേഖകൾ നിർമ്മിച്ചതിനു അറസ്റ്റിലായ മായയുടെ വീട്ടിലും ED സംഘം പരിശോധന നടത്തി. വ്യാജരേഖകൾ നിർമ്മിച്ചതിനു കോട്ടയം വാഴൂർ പുളിക്കക്കവല വളയിൽ വീട്ടിൽ മായ (49) യെ പ്രത്യേക അന്വേഷണ സംഘം മെയ് മാസം അവസാനം അറസ്റ്റ് ചെയ്തിരുന്നു.
അവയവക്കടത്ത് കേസിലെ സൂത്രധാരന്മാരിൽ ഒരാളെന്നു വിശ്വസിക്കപ്പെടുന്ന നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൻതോതിൽ പണം എത്തിയിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പോലീസ് സംഘം നജീബ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.





