കോട്ടയം: സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിക്ക് എബോള സംശയം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിൽ ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനി കാരണമാണ് ഇവർ ചികിത്സ തേടിയത്. എബോള രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ ഒന്നും തന്നെ ഇവർക്ക് കാണുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പനിയിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ.സംശയം ഉള്ളതിനാൽ ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം വൈറോളജി ലാബിലേക്ക് അയച്ച സാംപിൾ ഫലം ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാനാകൂ. തുടർ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. രോഗിയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.





