കാഞ്ഞിരപ്പള്ളി അഭിമുഖീകരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരവുമായി ചില പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുവാൻ നിർദേശങ്ങൾ . പുതിയ പഞ്ചായത്ത് ഭരണസമിതി ടൗണിലെ കുരുക്കഴിക്കാൻ പദ്ധതികളുമായി രംഗത്തിറങ്ങാ൯ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഗതാഗത പരിഷ്‌കരണ യോഗം ചേർന്നു. ജനപ്രതിനിധികൾ. മോട്ടോർ വാഹന വകുപ്പ് , പോലീസ് - റവന്യൂ ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, വ്യാപാരികൾ, ഓട്ടോ- ടാക്സി യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി കുരിശുങ്കൽ മുതൽ പൂതക്കുഴി വരെ നീണ്ടു നിൽക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിരവധി നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. നിർദേശങ്ങൾ പഠിച്ച് പരിശോധിച്ചശേഷം ഒരാഴ്‌ചയ്ക്കുള്ളിൽ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ചേരുന്ന
യോഗത്തിൽ ടൗണിൽ എന്തൊക്കെ ഗതാഗത പരിഷ്‌കരണം നടപ്പാക്കണമെന്ന് തീരുമാനിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അറിയിച്ചു.





