(മല്ലു ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജിൽ വന്ന ലേഖനമാണ്)
കാഞ്ഞിരപ്പള്ളിയിലെ ചരിത്രമുറങ്ങുന്ന ചെറുവള്ളി ഭദ്രകാളി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഒരു പെൺകുട്ടി, മടങ്ങാൻ നേരം ദേവിയോട് മനസ്സുരുകി ചോദിച്ചു; 'എന്റെ കൂടെ പോരുന്നോ?'. ആ വിളി കേട്ട് സാക്ഷാൽ ഭഗവതി തന്റെ കൂടെപ്പോന്നു എന്ന് വിശ്വസിക്കുകയും, വീട്ടിലെ കൂവളച്ചുവട്ടിൽ ഭഗവതിയെ കുടിയിരുത്തുകയും ചെയ്തത് ഒരു മുസ്ലിം പെൺകുട്ടിയാണെന്ന് പറഞ്ഞാൽ ആരും ഒന്ന് അതിശയിക്കും. വിശ്വാസങ്ങളുടെയും മതങ്ങളുടെയും പതിവ് വേലിക്കെട്ടുകൾ പൊളിച്ചെഴുതിയ സാറ സജ്ജാദ് എന്ന പതിനാറുകാരിയുടെ കഥയാണിത്.
പ്രവാചകന്റെ പരമ്പരയിൽപ്പെട്ട ഉമ്മയും കമ്മ്യൂണിസ്റ്റായ ബാപ്പയുമുള്ള ഒരു അപൂർവ്വ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് സാറ തന്റേതായ ഒരു ആത്മീയവഴി വെട്ടിത്തുറന്നത്. വെറും പതിനാലാം വയസ്സിൽ കലയുടെ ദേവിയായ മാതങ്കിക്കായി സംസ്കൃതത്തിൽ സ്വന്തമായി കീർത്തനം രചിച്ച ഈ മിടുക്കി, പെരുമ്പാവൂരിലെ ഗുരുകുലത്തിൽ കളരിപ്പയറ്റും ശ്രീവിദ്യയും സംഗീതവും ആഴത്തിൽ ഉപാസിക്കുന്നുണ്ട്. മതം എന്നത് വെറുമൊരു മുഖംമൂടിയാണെന്നും, എല്ലാ വിശ്വാസങ്ങളുടെയും ഉള്ളടക്കം ഒന്നുതന്നെയാണെന്നും വിശ്വസിക്കുന്ന സാറയ്ക്ക് പൂർണ്ണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.
ആർ.എസ്.എസ് ശാഖയിൽ പോയി സംശയങ്ങൾ ചോദിക്കാനും, ബാലഗോകുലത്തിലും ബാലസംഘത്തിലും ഒരുപോലെ പങ്കെടുത്ത് ആശയങ്ങൾ പഠിക്കാനും യാതൊരു മടിയും ഈ പെൺകുട്ടിക്കില്ല. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന് വീട്ടുവാതിൽക്കൽ എഴുതിവെച്ച ഈ കുടുംബവും സാറയുടെ വേറിട്ട കാഴ്ചപ്പാടുകളും ഇന്ന് സമൂഹമാധ്യമങ്ങളിൽ വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്.



