ന്യൂഡൽഹി: കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് കഫ് സിറപ്പ് വാങ്ങുന്ന രീതി അവസാനിക്കും.1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്.
കഫ് സിറപ്പുകളുടെ സുരക്ഷിതമായ ഉപയോഗവും പൊതുജനാരോഗ്യവും ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം.കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികൾ മരിച്ച സംഭവങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്.





