പ്രിയദർശിനിക്ക് 600 കോടി, റബ്ബർ തറവില 250 രൂപ, ലൈറ്റ് മെട്രോ, ഫുട്ബോൾ സ്റ്റേഡിയം
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ജനക്ഷേമവും വികസനവും ലക്ഷ്യമിട്ട് നിരവധി പ്രധാന പ്രഖ്യാപനങ്ങൾ.
ആരോഗ്യം: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' പദ്ധതി നടപ്പാക്കും. ആരംഭ ചെലവിന് 10 കോടി വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് ആകെ 2074 കോടി. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളജും നിർമിക്കും. മെഡിക്കൽ കോളജ് വികസനത്തിന് 100 കോടി.
ഗതാഗതം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് 600 കോടി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർഥ്യമാക്കും. പ്രാരംഭ ചെലവിന് 20 കോടി. കോട്ടയത്തെ ആകാശ പാത നിർമാണം പൂർത്തിയാക്കും.
കാർഷികം: റബറിന്റെ തറവില കിലോയ്ക്ക് 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തി. ക്ഷീര വികസനത്തിന് 102 കോടി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതി.
ക്ഷേമം: വയോജന വകുപ്പിന് 10 കോടി. ആശ വർക്കർമാരുടെ ഓണറേറിയം 78 കോടി. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി. ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാർപ്പിട പദ്ധതി. മിഷൻ സമുദ്രയ്ക്ക് 600 കോടി.
വികസനം: ടൂറിസം വ്യവസായമായി പ്രഖ്യാപിച്ചു. ടൂറിസം മേഖലയ്ക്ക് 325 കോടി. ആലപ്പുഴയിൽ ഹൗസ് ബോട്ട് മാലിന്യ സംസ്കരണ പ്ലാന്റ്. മുസിരിസ് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കും. നഗരവികസനത്തിന് 'അർബൻ ഗ്രോത്ത് മിഷൻ' - 100 കോടി. കൊച്ചി-ആലുവ-പെരുമ്പാവൂർ 'ഗ്ലോബൽ ഫർണിച്ചർ ഹബ്', കൊച്ചി-തൃശൂർ 'ഗ്ലോബൽ ഗോൾഡ് ഹബ്' - ഓരോന്നിനും 10 കോടി.
മറ്റ് പ്രഖ്യാപനങ്ങൾ: പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ, 'ബ്രാൻഡ് കേരളം' പദ്ധതി, മലബാറിൽ 50 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം, നടൻ സലിം കുമാറിന്റെ പേരിൽ സ്മാരകം, ലോട്ടറി സമ്മാന ഘടന പുനർനിശ്ചയം.





