തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി രൂക്ഷം. കഴിഞ്ഞ 13 ദിവസത്തിനിടെ വിവിധ പകർച്ചവ്യാധികളെ തുടർന്ന് 41 പേർക്കാണ് ജീവൻ നഷ്ടമായത്.ഇൻഫ്‌ളുവൻസ ബാധിച്ച് 9 പേരും, എലിപ്പനി ബാധിച്ച് 8 പേരും, ഡെങ്കിപ്പനി ബാധിച്ച് 5 പേരുമാണ് മരിച്ചത്. ഷിഗെല്ല വ്യാപനവും ആശങ്ക ഉയർത്തുന്നുണ്ട്. ഷിഗെല്ല കേസുകൾ ഇതിനോടകം 135 കടന്നു.ജലജന്യരോഗങ്ങൾ പെരുകുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
രോഗലക്ഷണങ്ങൾ കാണുന്നപക്ഷം ഉടൻ വൈദ്യസഹായം തേടണം. പനി ലക്ഷണമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്.കുടിവെള്ളത്തിൽ നിന്നാണ് അസുഖങ്ങൾ പടരാനുള്ള സാധ്യത കൂടുതൽ. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശുചിത്വമില്ലാത്ത ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ താളംതെറ്റിയതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ.




