തിരുവനന്തപുരം: ഓണം അടുത്തതോടെ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടി രൂപയും എഎവൈ വിഭാഗത്തിന് ഓണക്കിറ്റിനായി 53 കോടി രൂപയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അനുവദിച്ചു.
ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
പുതുക്കിയ ബജറ്റിൽ 315 കോടി രൂപയാണ് ഓണവിപണിക്കായി അനുവദിച്ചിരുന്നത്. ഇതിൽ 20 കോടി ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച തുക ചെലവഴിച്ച ശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്നാണ് തുക അനുവദിച്ചത്. ഓണക്കാലത്ത് അവശ്യസാധനങ്ങൾക്ക് ന്യായവില ഉറപ്പാക്കാനാണ് സപ്ലൈകോയുടെ പ്രവർത്തനം ശക്തമാക്കുന്നത്.


