കാഞ്ഞിരപ്പള്ളി: റബർ മേഖലയുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കാഞ്ഞിരപ്പള്ളിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ .സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ഭരണത്തിൽ ഇരുന്ന കോൺഗ്രസ് സർക്കാരുകളുടെ നയങ്ങൾ തന്നെയാണ് ബിജെപി സർക്കാരുകളും പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോർപ്പറേറ്റുകൾക്ക് അനായസം റബർ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുവാദം നൽകി.
റബറിന് താങ്ങുവില പ്രഖ്യാപിച്ച് ഇടത് സർക്കാർ ഒരു പരിധിവരെ കർഷകരെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചു. ഇടതു ഭരണത്തിൽ വികസനവും സാമൂഹിക നീതിയും കൈകോർക്കുകയാണ്. സമസ്ത മേഖലയിലും വികസനം ഉറപ്പാക്കി കൃഷി വ്യവസായം പൊതുഗതാഗതം എന്നീ മേഖലകളിൽ അസൂയാവഹമായ പുരോഗതി കൈവരിച്ചു . സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഇത് തെളിയിക്കുന്നത്. വ്യവസായ മേഖലയെ ആധുനികവൽക്കരിക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്തു .
നിസ്സഹായാവസ്ഥയിൽ ആയ പ്രതിപക്ഷം നിഷേധാത്മക നിലപാടാണ് വികസന കാര്യത്തിൽ എക്കാലവും സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമസഭയുടെ അവസാന സമ്മേളനത്തിൽ പോലും വിമർശനങ്ങൾ ഉന്നയിക്കുന്നതിനും ചർച്ചകൾ നടത്തുന്നതിനും പ്രതിപക്ഷത്തിനായില്ല. ബഹളം വെച്ച് നിയമസഭ തടസ്സപ്പെടുത്തുന്നതിനും ഇറങ്ങിപ്പോക്ക് നടത്തുന്നതിനും ആണ് അവർ സമയം കണ്ടെത്തിയത്. സർക്കാരിനെതിരെ കാര്യമായി വിമർശനങ്ങൾ ഉന്നയിക്കാൻ കാരണങ്ങളൊന്നും തന്നെ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറിയതൊന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാരിനെതിരെ കുറ്റപത്രം എന്ന നിലയിൽ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനു പോലും പ്രതിപക്ഷത്തിനായില്ല . അര നൂറ്റാണ്ടുകൊണ്ട് ചെയ്ത് തീർക്കേണ്ട പദ്ധതികളാണ് 10 വർഷം കൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത് . കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയപ്പോഴും സമാന്തര സംവിധാനമായി കിസ്ബി ഉണ്ടാക്കിയാണ് സർക്കാർ പരിഹാരം കണ്ടത് . ഈ സമാന്തര സാമ്പത്തിക സ്രോതസ്സിലൂടെ പതിനോരായിരം കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. ഇതിനായി മസാല ബോണ്ടിലൂടെ സമാഹരിച്ച പണം കൃത്യമായി തിരിച്ചടച്ചു.
ഇരുനൂറ് ബാറുകൾക്ക് പ്രവർത്തന സമയം നീട്ടി നൽകിയ സർക്കാർ നടപടിയെ വിമർശിച്ച കേ സി വേണുഗോപാലിനെയും മുഖ്യമന്ത്രി പരിഹസിച്ചു . ഹരിയാനയിൽ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ ആക്ഷേപം നേരിടുന്ന ആളാണ് കേരളത്തിൽ നേരായ രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെതിരെ വിമർശന ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.





