തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് വിജിലൻസ് വകുപ്പിന്റെ 'പ്രോജക്ട് സീറോ' ശക്തമാക്കി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 850 സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ വിജിലൻസിന്റെ കർശന നിരീക്ഷണത്തിലാണ്.വാട്‌സാപ്പ്, ഫോൺ, സാമൂഹിക മാധ്യമങ്ങൾ വഴി പ്രതിമാസം ഏകദേശം 3000 പരാതികൾ വിജിലൻസിന് ലഭിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നവരെ കയ്യോടെ പിടിക്കാനുള്ള 'ട്രാപ്പ്' കേസുകൾ 25 ശതമാനം വർധിപ്പിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. ഇതിനായി ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഇന്റലിജൻസ് വിഭാഗത്തെ സജ്ജമാക്കിയിട്ടുണ്ട്.
അഴിമതി സാധ്യതയുള്ള ഓഫീസുകൾ മുൻകൂട്ടി കണ്ടെത്തി നിരീക്ഷിക്കും. അഴിമതി വ്യാപകമെന്ന് സംശയിക്കുന്ന രണ്ട് പ്രധാന വകുപ്പുകളിൽ പ്രത്യേക ശ്രദ്ധയും നൽകും.അന്വേഷണത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദേശം. ഓരോ ഉദ്യോഗസ്ഥനും മാസത്തിൽ ഒരു രഹസ്യ വിവരം നൽകണം. വർഷത്തിൽ 2 കേസും 6 പ്രാഥമിക അന്വേഷണവും പൂർത്തിയാക്കണം.
കുറ്റാരോപിതരെ അന്വേഷണ ഘട്ടത്തിൽ തന്നെ അറസ്റ്റ് ചെയ്യും. അനധികൃത സ്വത്തുക്കൾ മരവിപ്പിച്ച് കണ്ടുകെട്ടാനും നടപടി ഉണ്ടാകും.പ്രോജക്ട് സീറോയുടെ ഭാഗമായി അടുത്തിടെ ചേർത്തലയിൽ 50,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. തെളിവ് സഹിതം പിടികൂടുന്ന നീക്കം അഴിമതിക്കാർക്ക് കനത്ത മുന്നറിയിപ്പാണ്.




