ഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ പുതിയ അധ്യായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിനിന് അദ്ദേഹം ഫ്ലാഗ് ഓഫ് നൽകി. ഡീസലിനോ മുകളിലെ ഇലക്ട്രിക് ലൈനിനോ പകരം ട്രെയിനുള്ളിൽ തന്നെ ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഓടുന്ന സാങ്കേതികവിദ്യയാണ് ഈ ട്രെയിനിന്റെ പ്രത്യേകത. ഈ നേട്ടത്തിന് പിന്നിൽ ഒരു മലയാളി കമ്പനിയുടെ പങ്കാളിത്തവുമുണ്ട്.
കൊച്ചിയിലെ ഫ്ലൂട്രോൺ ഇന്ത്യയാണ് ഈ പദ്ധതിയിലെ പ്രധാന സാങ്കേതിക പങ്കാളി. ട്രെയിനിൽ ഹൈഡ്രജൻ സംഭരിക്കാനുള്ള ഡിസ്പെൻസറുകളും ഹൈഡ്രജനെ ഉയർന്ന മർദ്ദത്തിലേക്ക് മാറ്റാനുള്ള ഉപകരണങ്ങളും വിതരണം ചെയ്തത് ഈ കമ്പനിയാണ്. ഹരിത ഊർജ മേഖലയിൽ കേരളത്തിലെ ഒരു സ്വകാര്യ കമ്പനിക്ക് ലഭിച്ച വലിയ അംഗീകാരം കൂടിയാണിത്.
Read more: Hydrogen Train Technology Explained | വെള്ളം കുടിക്കുന്ന ട്രെയിൻ എങ്ങനെ ഓടുന്നു ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയതും കരുത്തുറ്റതുമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നാണ് ഇതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആകെ 10 കോച്ചുകളാണ് ട്രെയിനിലുള്ളത്. അതിൽ രണ്ടെണ്ണം ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രൈവിംഗ് കോച്ചുകളും ബാക്കി എട്ടെണ്ണം പാസഞ്ചർ കോച്ചുകളുമാണ്. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിൻ മുന്നോട്ട് പോകുന്നത്. ഇതുവഴി കാർബൺ ബഹിർഗമനം പൂർണ്ണമായും ഇല്ലാതാകും. ഹരിയാനയിലെ 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോണിപത് റൂട്ടിലാണ് ഈ ട്രെയിൻ ആദ്യമായി സർവീസ് നടത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പാസഞ്ചർ സർവീസിന്റെ പൈലറ്റ് കോറിഡോറായാണ് ഈ റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ വിജയിച്ചാൽ രാജ്യത്തെ വിവിധ റൂട്ടുകളിലേക്ക് ഹൈഡ്രജൻ ട്രെയിനുകൾ വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ പദ്ധതി. മലിനീകരണമില്ലാത്തതും ശബ്ദം കുറഞ്ഞതുമായ ഈ സാങ്കേതികവിദ്യ ഇന്ത്യയുടെ ഹരിത യാത്രാ ലക്ഷ്യങ്ങളിലേക്കുള്ള വലിയ ചുവടുവെപ്പാണ്. സ്വദേശി സാങ്കേതികവിദ്യയും ആഗോള നിലവാരവും ഒത്തുചേർന്ന ഈ പദ്ധതി ഭാവിയിലെ റെയിൽ ഗതാഗതത്തിന്റെ മാതൃക കൂടിയാണ്.


