തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുത്തനെ ഉയർന്നു. പീക്ക് സമയത്തെ ഉപയോഗം 5000 മെഗാവാട്ടിന് മുകളിലെത്തിയതോടെ സംസ്ഥാനം രൂക്ഷമായ പവർ പ്രതിസന്ധിയിലേക്ക്.
ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് പീക്ക് സമയത്തെ ഉപഭോഗം 5000 മെഗാവാട്ട് കടക്കുന്നത്. ഇത് കെഎസ്ഇബിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
ഈ മാസം മുഴുവൻ പവർകട്ടും വൈദ്യുതി നിയന്ത്രണവും തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വൈദ്യുതി ഉൽപാദനത്തിലുണ്ടായ കുറവും ഉപഭോഗം ക്രമാതീതമായി വർധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.
വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിസന്ധി മറികടക്കാൻ ഹ്രസ്വകാല കരാറിലൂടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും നിലവിലെ പ്രതിസന്ധിക്ക് ഇത് പൂർണ്ണ പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ. നഗരങ്ങളിൽ ഉൾപ്പെടെ വൈദ്യുതി നിയന്ത്രണം മൂലം ജനജീവിതം ദുരിതത്തിലായതിനിടെ വിഷയത്തിൽ രാഷ്ട്രീയ വാക്പോരുകളും ശക്തമാകുകയാണ്.
വാർത്ത: വാഴൂർ ന്യൂസ്




